- 11 May, 2026
വത്തിക്കാൻ സിറ്റി : പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ ഒന്നാം വാർഷിക ദിനമായ മെയ് എട്ടാം തീയതി തെക്കേ ഇറ്റലിയിലെ പോംപെയിലെ പ്രസിദ്ധമായ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ നടത്തിയ അജപാലന സന്ദർശന മദ്ധ്യേയാണ് പാപ്പ ജപമാല പ്രാർത്ഥനയുടെ പ്രാധാന്യത്തെക്കുറിച്ച് ഓർമിപ്പിച്ചത്.
പോംപെയിലേക്കുള്ള തന്റെ അജപാലന സന്ദർശനവുമായി ബന്ധപ്പെട്ട്, അവിടെയുള്ള മരിയൻ തീർത്ഥാടന ദേവാലയത്തിനോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ഉപവി പ്രവർത്തന കേന്ദ്രമായ “സാല ട്രാപ്പാനി”യിലെ സന്നദ്ധപ്രവർത്തകരെയും അന്തേവാസികളെയും അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ, മരിയൻ ഭക്തിയുടെയും ജപമാലപ്രാത്ഥനയുടെയും പ്രാധാന്യത്തെക്കുറിച്ച് പാപ്പ ഓർമിപ്പിച്ചു. പോംപെയ് നഗരത്തിന്റെയും ദേവാലയത്തിന്റെയും അടിസ്ഥാനമായി നിലകൊള്ളുന്ന പരിശുദ്ധ മറിയത്തോടുള്ള ജപമാല ഭക്തി എപ്പോഴും സജീവമായി നിലനിർത്താനും, പുരാതനവും മനോഹരവുമായ ഈ പ്രാർത്ഥന പ്രചരിപ്പിക്കാനും പാപ്പാ അഭ്യർത്ഥിച്ചു.
വിശുദ്ധ ജോൺ പോൾ പാപ്പയുടെ വാക്കുകൾ ഉദ്ധരിച്ചു കൊണ്ട്, യേശുവിന്റെ ജീവിതരഹസ്യങ്ങളെ, പരിശുദ്ധ അമ്മയുടെ ലാളിത്യം നിറഞ്ഞതും മാതൃത്വപരവുമായ കണ്ണുകളിലൂടെ ധ്യാനിക്കുന്നതിലൂടെ, യേശുവിന്റെ പ്രവർത്തികൾ നമ്മുടെ ഹൃദയങ്ങളിൽ ആഴ്ന്നിറങ്ങുകയും നമ്മുടെ അസ്തിത്വത്തെ രൂപാന്തരപ്പെടുത്തുകയും ചെയ്യുമെന്നു പാപ്പാ കൂട്ടിച്ചേർത്തു. പോംപെയെ ലോകമെമ്പാടുമറിയപ്പെടുന്ന മരിയൻ തീർത്ഥാടന കേന്ദ്രമായി മാറ്റാൻ വിശുദ്ധ ബർത്തോളോലോങ്കോയുടെ വിശ്വാസവും സമർപ്പണവും ഏറെ സഹായിച്ചിട്ടുണ്ടെന്നും, ആ വിശുദ്ധന്റെ ജീവിതവഴികളെ അനുധാവനം ചെയ്ത് ഇവിടം സന്ദർശിക്കാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ടെന്നും പാപ്പാ പറഞ്ഞു.
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP