- 17 June, 2026
കോട്ടയം: വചനപ്രഘോഷണത്തിലൂടെ ആയിരങ്ങളെ ക്രിസ്തു വിശ്വാസത്തിലേക്ക് നയിക്കുകയും മലയാള ക്രൈസ്‌തവ ഭക്തിഗാനരംഗത്ത് അതുല്യ സംഭാവനകൾ നൽകുകയും ചെയ്ത ഫാ. മൈക്കിൾ പനച്ചിക്കൽ വിസി (77) നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടു. വിൻസെൻഷ്യൻ സന്യാസ സമൂഹത്തിലെ സെൻ്റ് ജോസഫ് പ്രോവിൻസ് അംഗമാണ്. ‘തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍ നാവെനിക്കെന്തിന് നാഥാ’ എന്ന പ്രസിദ്ധമായ ഗാനം ഉള്‍പ്പെടെ തുടങ്ങിയ എഴുന്നൂറോളം ഭക്തി ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.
അന്തീനാട് പനച്ചിക്കൽ പരേതരായ ദേവസ്യ-ഏലി ദമ്പതികളുടെ മകനാണ്. സംസ്കാരം വ്യാഴാഴ്ച കോട്ടയം അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്രത്തിൽ നടക്കും. വചനപ്രഘോഷകനും ഗാനരചയിതാവും സാഹിത്യകാരനും മാധ്യമപ്രവർത്തകനുമെന്ന നിലയില്‍ ഏറെ ശ്രദ്ധ നേടിയ വൈദികനാണ് അദ്ദേഹം. 'നിത്യത തീർക്കുന്ന നിമിഷങ്ങളിൽ' എന്ന ഗാനമാണ് ആദ്യമായി രചിച്ചത്. വചനോത്സവം മാസികയുടെ സ്‌ഥാപക പത്രാധിപരായിരുന്നു. നിരവധി നോവലുകളും കഥകളും രചിച്ചിട്ടുണ്ട്. ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സത്യം നിങ്ങളെ സ്വതന്ത്രരാക്കും. ക്രിസ്‌തു പരാമർഥം തുടങ്ങിയവയാണ് പ്രധാന ഗ്രന്ഥങ്ങൾ.
1974 ഡിസംബർ 19ന് വൈദികനായ ഫാ. മൈക്കിൾ പനച്ചിക്കൽ, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൗരോഹിത്യജീവിതത്തിലൂടെ ഇന്ത്യയിലും വിദേശത്തുമായി ആത്മീ യ നവോത്ഥാന രംഗത്തു പ്രവർത്തിച്ചു. പോപ്പുലർ മിഷൻ ഡയറക്‌ടർ, അടിച്ചിറ പരിത്രാണ ധ്യാനകേന്ദ്ര ഡയറക്‌ടർ, കട്ടപ്പന കൃപാലയ റിട്രീറ്റ് സെന്റർ ഡയറക്ടർ, അസിസ്റ്റൻ്റ് പ്രൊവിൻഷ്യൽ സുപ്പീരിയർ എന്നി നിലകളിൽ അദ്ദേഹം സേവനം ചെയ്‌തു. പാലാ വിൻസെൻഷ്യൻ മൈനർ സെമിനാരിയിലും ആലുവ വിൻസെൻഷ്യൻ വിദ്യാഭവനിലും സ്‌പിരിച്വൽ ഡയറക്ടറായും നോവിസ് മാസ്റ്ററായും പ്രവർത്തിച്ചു. വിൻസെൻഷ്യൻ സഭയുടെ കോതമംഗലം, കലൂർ, വട്ടപ്പാറ ആശ്രമങ്ങളിൽ സുപ്പീരിയറായും അങ്കമാലി, തോട്ടകം ആശ്രമങ്ങളിൽ പ്രൊക്യുറേറ്ററായും സേവനമനുഷ്ഠിച്ചു.
ഇടവക-മിഷൻ ശുശ്രൂഷകളിൽ കോയമ്പത്തൂർ ഹോളി ട്രിനിറ്റി ഫൊറോനയിൽ അസിസ്റ്റൻ്റ് വികാരിയായും പാലക്കയം ഇടവകയിൽ വികാരിയായും സേവനം ചെയ്‌ത അദ്ദേഹം, ആറ്റിങ്ങൽ സെൻ്റ് ജൂഡ് മിഷൻ പള്ളി, നെടുമങ്ങാട് സെൻ്റ് തോമസ് മിഷൻ പള്ളി, കിള്ളി സെൻ്റ് ജോൺ പോൾ രണ്ടാമൻ മിഷൻ പള്ളി എന്നിവിടങ്ങളിൽ പ്രീസ്റ്റ്-ഇൻ-ചാർജായും പ്രവർത്തിച്ചു. വചനോത്സവം മാസികയുടെ സ്ഥാപക പത്രാധിപരായിരുന്ന അദ്ദേഹം, പ്രഭാഷകനായും ധ്യാനഗുരുവായും എഴുത്തുകാരനായും പ്രവർത്തിച്ചു.
സീറോ മലബാർ സഭ വിശുദ്ധ കുർബാന ടെക്സ്റ്റ് തയാറാക്കിയ കമ്മിറ്റിയിൽ അംഗമായിരുന്ന അദ്ദേഹം, വിശുദ്ധ കുർബാനയുടെ ഗാനരചനയിലും ശ്രദ്ധേയ പങ്കുവഹിച്ചു. കെസിബിസി അവാർഡ്, ശാലോം മീഡിയ അവാർഡ്, സിസിലിയൻ അവാർഡ്, ഗുഡ്‌നസ് മീഡിയ അവാർഡ്, വിൻസെൻഷ്യൻ ജനറലൈറ്റിൻ്റെ ലൂമിനസ് അവാർഡ് തുടങ്ങി നിരവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
സഹോദരങ്ങൾ: സിസ്റ്റർ ജിസെല്ല (ഉർസുലൈൻ ഓഫ് മേരി ഇമ്മാക്കുലേറ്റ് ബംഗളൂരു പ്രൊവിൻസ് മുംബൈ), പരേതനായ ജോസഫ്, സിസ്റ്റർ ഫ്രാൻസിന (ഉർസുലൈൻ ഓഫ് മേരി ഇമ്മാക്കുലേറ്റ് കേരള പ്രൊവിൻസ് കോഴിക്കോട്), സിസ്റ്റർ മാത്യൂസ് മേരി സിഎംസി (വെട്ടിമറ്റം), റൂബി ലോപ്പസ്, അച്ചാമ്മ സേവ്യർ, പരേതനായ സെബാസ്റ്റ്യൻ, സിസ്റ്റർ കുഞ്ഞമ്മ (ആൻസിലെ സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് എറണാകുളം), ആനി സൈഫി.
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP