- 17 June, 2026
ബൊഗോട്ട: ഞായറാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രാർത്ഥനാദിനം ആചരിക്കുവാൻ കൊളംബിയൻ കത്തോലിക്ക സഭയുടെ ആഹ്വാനം. തെരഞ്ഞെടുപ്പിന് മുന്നോടിയായി 19-ാം തീയതി രാജ്യത്തിനുവേണ്ടി പ്രാർത്ഥിക്കുന്നതിനായി ഒത്തുചേരാൻ കൊളംബിയയിലെ മെത്രാൻസമിതി വിശ്വാസികളോട് അഭ്യർത്ഥിച്ചു. കത്തീഡ്രലുകളിലും ഇടവകകളിലും സന്യാസ സമൂഹങ്ങളുടെ ഭവനങ്ങളിലും ആശ്രമങ്ങളിലും കൊളംബിയയ്‌ക്കായി ജാഗരണ പ്രാർത്ഥന നടത്തുവാനാണ് മെത്രാൻ സമിതി ആഹ്വാനം ചെയ്തിരിക്കുന്നത്.
പൊതു പ്രാർത്ഥനകളോടൊപ്പം ദൈവത്തിലുള്ള വിശ്വാസത്തിന്റെയും രാജ്യത്തിന്റെ ഭാവിയോടുള്ള പ്രതിബദ്ധതയുടെയും പ്രകടനമായി, കുടുംബാംഗങ്ങൾ അവരുടെ വീടുകളിൽ ഒത്തുകൂടി കൊളംബിയയ്‌ക്കായി മെഴുകുതിരി കത്തിച്ച് പ്രാർത്ഥന നടത്താനുള്ള ക്ഷണവും കൊളംബിയൻ എപ്പിസ്‌കോപ്പൽ കോൺഫറൻസ് നടത്തിയിട്ടുണ്ട്. കൊളംബിയ നിർണായക മണിക്കൂറിലൂടെയാണ് കഴിയുന്നതെന്നും രാജ്യത്തിന്റെ ഭാവിയെ നിർവചിക്കുന്ന വോട്ടവകാശം വിനിയോഗിക്കുന്നതിന് മുമ്പ് ദൈവത്തിന്റെ ശബ്ദം കേൾക്കേണ്ടത് അനിവാര്യമായ കാര്യമാണെന്ന് മെത്രാൻ സമിതി ചൂണ്ടിക്കാട്ടി.
2026–2030 കാലയളവിലേക്കുള്ള രാജ്യത്തിന്റെ അടുത്ത പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിനുള്ള രണ്ടാം റൗണ്ട് (റൺഓഫ്) പ്രസിഡന്റ് തിരഞ്ഞെടുപ്പാണ് ജൂൺ 21ന് കൊളംബിയയിൽ നടക്കുന്നത്. മെയ് 31ന് നടന്ന ആദ്യ റൗണ്ടിൽ ഒരു സ്ഥാനാർത്ഥിക്കും 50% ൽ കൂടുതൽ വോട്ട് ലഭിച്ചിരിന്നില്ല. ക്രൈസ്തവ ഭൂരിപക്ഷ രാജ്യമായ കൊളംബിയയിലെ ആകെ ജനസംഖ്യയുടെ എഴുപതു ശതമാനത്തിൽ അധികവും കത്തോലിക്ക വിശ്വാസികളാണ്.
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP