- 17 June, 2026
കീവ്: കീവിൽ സ്ഥിതി ചെയ്യുന്ന ആയിരം വർഷം പഴക്കമുള്ള ക്രിസ്ത്യൻ ആശ്രമം റഷ്യൻ ആക്രമണത്തിൽ അഗ്നിയ്ക്കിരയായി. കീവ് പെച്ചേഴ്‌സ് ലാവ്ര ആശ്രമ സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന പതിനൊന്നാം നൂറ്റാണ്ടിൽ നിർമ്മിച്ച ഡോർമിഷൻ കത്തീഡ്രലാണ് റഷ്യൻ ആക്രമണത്തിൽ അഗ്നിയ്ക്കിരയായത്. ഇന്ന് ജൂൺ 15 പുലർച്ചെ, റഷ്യ യുക്രൈന് നേരെ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണത്തിലാണ് ആശ്രമത്തിലെ ഡോർമിഷൻ (അസംപ്ഷൻ) കത്തീഡ്രലിന്റെ മേൽക്കൂരയ്ക്ക് തീപിടിച്ചത്.
കിഴക്കൻ യൂറോപ്പിലെ ഏറ്റവും പുണ്യമായ ക്രിസ്ത്യൻ സ്ഥലങ്ങളിൽ ഒന്നാണ് കീവ് പെച്ചേഴ്‌സ് ലാവ്ര. കത്തീഡ്രലിന്റെ താഴികക്കുടങ്ങൾക്ക് ചുറ്റും തീജ്വാലകൾ ഉയരുന്ന ചിത്രങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. റഷ്യയുടെ ബോംബാക്രമണമാണ് നാശനഷ്ടങ്ങൾക്ക് കാരണമെന്ന് യുക്രൈൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കിഴക്കൻ യൂറോപ്പിലെ ഏറ്റവും വിശുദ്ധമായ ക്രിസ്ത്യൻ സ്ഥലങ്ങളിൽ ഒന്നാണ് കൈവ് പെച്ചേഴ്‌സ് ലാവ്ര. യുക്രൈനിലെ ഓർത്തഡോക്സ് സഭയുടെ തലവൻ ആർച്ച് ബിഷപ്പ് എപ്പിഫാനിയസ് സംഭവത്തെ അപലപിച്ചു. തീപിടുത്തത്തിന് കാരണം തുടർച്ചയായ റഷ്യൻ ആക്രമണങ്ങളാണെന്ന് അദ്ദേഹം പറഞ്ഞു.
ക്രിസ്തീയ ചരിത്രത്തിലെ ഏറ്റവും പുണ്യസ്ഥലങ്ങളിലൊന്നായ കീവ് പെച്ചേഴ്‌സ് ലാവ്രയ്ക്കു നേരെ നടന്ന ആക്രമണത്തിലൂടെ ചരിത്രത്തിലെ ഏറ്റവും ക്രൂരനായ നേതാക്കളുടെ പട്ടികയിൽ റഷ്യൻ നേതാവ് വ്‌ളാഡിമിർ പുടിൻ തന്റെ പേര് ഉൾപ്പെടുത്തിയെന്ന് യുക്രേനിയൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു. സാംസ്കാരിക പൈതൃകത്തിനെതിരായ കുറ്റകൃത്യങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ്സിനെ മറികടന്ന റഷ്യൻ ഭീകതയാണ് നമ്മൾ ഇപ്പോൾ കാണുന്നതെന്നും റഷ്യൻ ഭരണകൂട ക്രൂരതയ്‌ക്കെതിരെ യുനെസ്കോയും മറ്റ് അന്താരാഷ്ട്ര സംവിധാനങ്ങളും പ്രതികരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം 'എക്സി'ൽ പങ്കുവെച്ച പോസ്റ്റിൽ കുറിച്ചു.
ഇക്കഴിഞ്ഞ മാർച്ച് മാസത്തിൽ പടിഞ്ഞാറൻ യുക്രൈൻ നഗരമായ ലിവിവിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ബെർണാർഡിൻ ആശ്രമ സമുച്ചയവും സെന്റ് മേരി മഗ്ദലന പള്ളിയും റഷ്യയുടെ വ്യോമാക്രമണത്തിൽ തകർന്നിരിന്നു. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയ ആശ്രമത്തിന് നേരെ മാർച്ച് 24നാണ് അക്രമം അരങ്ങേറിയത്. അഞ്ചാം വർഷത്തിലേക്ക് കടന്നിരിക്കുന്ന യുദ്ധത്തിൽ റഷ്യ യുക്രൈനിൽ വൻ നാശമാണ് വരുത്തിയിരിക്കുന്നത്.
© 2026 CATHOLIC CONNECT POWERED BY ATCONLINE LLP