image

നോമ്പുകാല ക്യാംപെയിനുമായി ഹോളിവുഡ് നടന്മാർ

കാലിഫോർണിയ: നോമ്പുകാല സംയുക്ത സന്ദേശവുമായി ഹോളിവുഡ് നടന്മാരായ മാർക്ക് വാൽബർഗും ജോനാഥൻ റൂമിയും. നവമാധ്യമങ്ങളിൽ, വിഭൂതി ബുധനാഴ്ച നെറ്റിയിൽ കുരിശ് വരച്ചുള്ള ഇരുവരുടെയും ഒരുമിച്ചുള്ള വീഡിയോ സഹിതമാണ് താരങ്ങൾ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. തങ്ങളെ നവമാധ്യമങ്ങളിൽ പിന്തുടരുന്നവർക്ക് വിഭൂതി ബുധൻ ആശംസ നേർന്നും 40 ദിവസത്തെ പ്രാർത്ഥനാ കൂട്ടായ്മയിൽ ആത്മീയമായി ശ്രദ്ധ കേന്ദ്രീകരിക്കാൻ ആഹ്വാനം ചെയ്തുമാണ് സോഷ്യൽ മീഡിയ പോസ്റ്റ്.


ഹാലോ എന്ന കത്തോലിക്കാ മെഡിറ്റേഷൻ ആപ്പിലൂടെ സംഘടിപ്പിക്കുന്ന നോമ്പുകാല പ്രാർത്ഥനാ ചലഞ്ചിൽ ഇവർ നേതൃത്വം നല്കുന്നുണ്ട്. പൊതുജനങ്ങളിൽ നിന്ന് വലിയ സ്വീകാര്യത ഏറ്റുവാങ്ങിയ ഓൺലൈൻ പ്രാർത്ഥനായജ്ഞമാണ് ഇത്. നോമ്പുകാലം മുഴുവൻ സ്ഥിരമായ പ്രാർത്ഥനയും ധ്യാന ചിന്തകളും പ്രോത്സാഹിപ്പിക്കുക എന്ന ക്യാംപെയിനിലേക്ക് ശ്രദ്ധ ആകർഷിക്കാൻ നടൻ ക്രിസ് പ്രാറ്റ് ഉൾപ്പെടെ നിരവധി പ്രമുഖരും ഹാലോയിൽ ഒരുമിച്ച് കൂടുന്നുണ്ട്.


മുൻ വർഷങ്ങളിലും നോമ്പിന് ആരംഭം കുറിച്ച് വിഭൂതി ദിനത്തിൽ നെറ്റിയിൽ വരയ്ക്കുന്ന കുരിശ് വിശ്വാസ പ്രഘോഷണത്തിന്റെ ഫലമായി നവമാധ്യമങ്ങളിൽ പങ്കുവെച്ച് ശ്രദ്ധ നേടിയ താരങ്ങളാണ് മാർക്ക് വാൽബർഗും ജോനാഥൻ റൂമിയും. ലോകമെമ്പാടുമുള്ള വിശ്വാസികൾ പ്രാർത്ഥനയ്ക്കും ആത്മീയ നവീകരണത്തിനും പ്രാധാന്യം നൽകി നോമ്പുകാല യാത്ര ആരംഭിക്കുമ്പോൾ അതിനോടൊപ്പം തങ്ങളും ചലിക്കുകയാണെന്ന വിശ്വാസ പ്രഘോഷണമാണ് ഏറെ പ്രസിദ്ധരായ ഈ അഭിനേതാക്കളും ചെയ്തുക്കൊണ്ടിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP