image

ഗ്രാന്റ് ഷെവലിയര്‍ അഡ്വ. ഇ.പി. വര്‍ഗ്ഗീസ്, 40-ാം ചരമവാര്‍ഷികം

കത്തോലിക്കാ കോണ്‍ഗ്രസിന്റെ രജതജൂബിലി ഗ്രാന്റ് ഷെവലിയര്‍ അഡ്വ. ഇ.പി. വര്‍ഗ്ഗീസിന്റെ നേതൃത്വത്തിലാണ് ഒല്ലൂരില്‍ സമുചിതമായി ആചരിച്ചത്. പിന്നീട് സുറിയാനി കത്തോലിക്കരുടെ മാത്രമായി മാറിയ കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ ലത്തീന്‍ കത്തോലിക്കനായ ഏക പ്രസിഡന്റ് അഡ്വ. ഇ.പി. വര്‍ഗ്ഗീസാണ്.


കേരള ലത്തീന്‍ സമുദായത്തില്‍ നിന്നുള്ള ഏറ്റവും പ്രഗല്‍ഭനും പ്രമുഖനുമായ ഒരു രാഷ്ട്രീയ-സാമൂഹിക-സാമുദായിക നേതാവായിരുന്ന ഗ്രാന്റ് ഷെവലിയര്‍ അഡ്വ. ഇ.പി. വര്‍ഗ്ഗീസ് ദിവംഗതനായിട്ട് നാല്‍പതു വര്‍ഷമാകുന്നു. ഒരു കാലഘട്ടത്തില്‍ കേരള രാഷ്ട്രീയത്തിലും പൊതു സാമൂഹിക പ്രവര്‍ത്തനമേഖലകളിലും കേരള കത്തോലിക്കരുടെയും ലത്തീന്‍ക്കാരുടെയും മുഖമായി അറിയപ്പെട്ടിരുന്ന സമുദായ-രാഷ്ട്രീയ നേതാവായിരുന്നു അദ്ദേഹം. നിരവധി സാമൂഹിക-സാമുദായികരംഗങ്ങളില്‍ നടുനായകത്വം വഹിച്ചിരുന്ന അദ്ദേഹം പൊതുപ്രവര്‍ത്തനമേഖലയില്‍ എടുത്തുപറയാവുന്ന പ്രമുഖ വ്യക്തിത്വമായിരുന്നു.


ആലപ്പുഴ ജില്ലയിലെ തീരദേശഗ്രാമമായ മാരാരിക്കുളത്തെ പുരാതനക്രൈസ്തവ കുടുംബമായ ഈരേശ്ശിയില്‍ തറവാട്ടിലെ പത്രോസ് - ലൂസ്യാമ ദമ്പതികളുടെ അഞ്ച് മക്കളില്‍ മൂന്നാമനായി 1898 മാര്‍ച്ച് 25-ന് ഇ.പി.വര്‍ഗീസ് ജനിച്ചു. ആലപ്പുഴ രൂപതയിലെ പുരാതനമായ കാട്ടൂര്‍ ഇടവകയുടെ ഭാഗമായിരുന്ന മാരാരിക്കുളം വിശുദ്ധ അഗസ്റ്റിന്റെ ദേവാലയമാണ് അദ്ദേഹത്തിന്റെ ഇടവക.


മാരാരിക്കുളം സെന്റ് അഗസ്റ്റിന്‍സ് പ്രൈമറി സ്‌കൂളില്‍ പ്രാഥമിക പഠനം നടത്തിയ വര്‍ഗീസ് തുടര്‍ന്ന് വിദ്യാഭ്യാസത്തിനായി അര്‍ത്തുങ്കലെ നസ്രാണി ഭൂഷണസമാജത്തിന്റെ ഇംഗ്ലീഷ് സ്‌കൂളില്‍ ചേര്‍ന്നു. ദൈവദാസന്‍ ഫാ. സെബാസ്റ്റ്യന്‍ പ്രസന്റേഷനായിരുന്നു അന്നത്തെ സ്‌കൂള്‍ മാനേജര്‍. ഇംഗ്ലീഷ് അധ്യാപകനായിരുന്ന ആലപ്പുഴ കാട്ടുങ്കല്‍ സി.എസ്. ജോസഫ് സാറിന്റെ കൂടെ നസ്രാണി ഭൂഷണ സമാജത്തിന്റെ ആരംഭകാല കാര്യാലയമായിരുന്ന സംഗപ്പുരയില്‍ തന്നെ താമസിച്ചുകൊണ്ടാണ് വര്‍ഗ്ഗീസ് പഠനം നടത്തിയത്. ഇതുവഴി അദ്ദേഹത്തിന് ചെറുപ്രായം മുതല്‍ നേതൃപരിശീലനവും സാമൂഹിക കാഴ്ചപ്പാടും ലഭിച്ചിരുന്നു.


പഠനരംഗത്ത് ഏറെ മികവ് പുലര്‍ത്തിയ അദ്ദേഹം മാംഗ്ലൂര്‍ സെന്റ് അലോഷ്യസ് കോളജില്‍നിന്ന് ഇന്റര്‍ മീഡിയറ്റും എറണാകുളം മഹാരാജാസ് കോളജില്‍ നിന്ന് ബി.എയും കല്‍ക്കട്ട യൂണിവേഴ്‌സിറ്റിയില്‍ നിന്നും എം.എ., ബി.എല്‍.ബിരുദങ്ങളും ഉന്നതമായ വിധത്തില്‍ നേടി. വിസ്തൃത കാട്ടൂര്‍ ഇടവകയില്‍ നിന്നുള്ള ആദ്യ ബിരുദധാരിയായ അദ്ദേഹത്തിനും കണ്ടനാട്ടു സി.എം. ജോണിനും ഇടവകക്കാരുടെ ആദരവായി സ്വര്‍ണ്ണമെഡല്‍ ലഭിക്കുകയുണ്ടായി. തിരുവനന്തപുരം ലോ അക്കാദമിയില്‍ നിന്നും നിയമബിരുദവും നേടിയ അദ്ദേഹം 1925-ല്‍ ആലപ്പുഴ ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ആരംഭിച്ചു.


അഭിഭാഷകനായി തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന കാലത്താണ് ഇ.പി. വര്‍ഗ്ഗീസ് സാമുദായിക-പിന്നോക്ക വിഷയങ്ങളില്‍ സജീവമായി ഇടപെടാന്‍ തുടങ്ങിയത്. എറണാകുളം ഹൈക്കോടതിയിലും അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത അദ്ദേഹം 1938 മുതലുള്ള അഞ്ച് വര്‍ഷക്കാലം പറവൂര്‍ ജില്ലാ കോടതിയില്‍ ഗവണ്‍മെന്റ് പ്ലീഡറായിരുന്നു. പബ്ലിക് പ്രോസിക്യൂട്ടറായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.


1925-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് അദ്ദേഹം ക്രൈസ്തവ-ഈഴവ-മുസ്ലീം പിന്നോക്ക കൂട്ടായ്മയുടെ ഏറ്റവും പ്രമുഖനായ മുന്‍നിര പ്രവര്‍ത്തകനായിരുന്നു. തിരഞ്ഞെടുപ്പില്‍ വിജയിച്ചില്ലെങ്കിലും പിന്നീട് നടന്ന നിവര്‍ത്തന പ്രക്ഷോഭത്തില്‍ ക്രൈസ്തവ-പിന്നാക്ക സമുദായങ്ങളെ ഐക്യത്തിലേക്ക് നയിക്കുന്നതിന് ഈ കൂട്ടായ്മ വലി പങ്കുവഹിച്ചു. അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസ്സില്‍ 1921 മുതല്‍ സജീവമായി

പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം തിരുവിതാംകൂറിലെ നിയമനിര്‍മാണസഭയില്‍

ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം എല്ലാ സമുദായങ്ങള്‍ക്കും ലഭിക്കണമെന്ന് ശക്തമായി വാദിക്കുകയും ഈ ആവശ്യം ഉന്നയിച്ചുകൊണ്ട് 1932 ഒക്‌ടോബര്‍ 15-ന് തിരുവിതാംകൂര്‍ മഹാരാജാവിന് എന്‍.വി. ജോസഫ്, എ.സി. കുര്യാക്കോസ്, മദ്രാസ് ഗവര്‍ണറായിരുന്ന എ.ജെ. ജോണ്‍, ജോസഫ് ചാഴിക്കാടന്‍ എന്നിവരുമായി ചേര്‍ന്ന് ഒരു നിവേദനം സമര്‍പ്പിക്കുകയും ചെയ്തു. ഈ മെമ്മോറാണ്ടം നിവര്‍ത്തനപ്രക്ഷോഭണത്തിലേക്ക് നയിക്കുകയുണ്ടായി.


നിവര്‍ത്തന പ്രക്ഷോഭണത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇ.പി. വര്‍ഗ്ഗീ

സാണ് ആ കാലഘട്ടത്തെ സുപ്രധാനമായ ചെങ്ങന്നൂര്‍ സമ്മേളനത്തിന് അധ്യക്ഷത

വഹിച്ചത്. അദ്ദേഹവും മറ്റും നേതൃത്വം നല്‍കിയ നിവര്‍ത്തന പ്രസ്ഥാന പ്രക്ഷോഭണങ്ങളും

മറ്റും വഴിയാണ് 1935-ല്‍ കേരളത്തില്‍ പിന്നോക്ക സമുദായ സംവരണം നടപ്പിലായത്. ജോലി മേഖലയിലെ സംവരണത്തിനൊപ്പം നിയമസഭ തിരഞ്ഞെടുപ്പിലും പിന്നോക്ക സമുദായങ്ങള്‍ക്ക് സംവരണാവകാശം ലഭിച്ചത് അദ്ദേഹത്തിന്റെയും മറ്റും നേതൃത്വത്തില്‍ നടന്ന തീവ്രമായ പരിശ്രമങ്ങള്‍ വഴിയാണ്.


കേരള കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റായി അദ്ദേഹം 1949-ല്‍ തിരഞ്ഞെടുക്ക

പ്പെട്ടു. ഐക്യസംസ്ഥാന ഹൈക്കോടതിയിലെ ജഡ്ജിമാരുടെ നിയമനത്തില്‍ നിന്നും ഭരണത്തിലെ മര്‍മ്മപ്രധാന സ്ഥാനങ്ങളില്‍ നിന്നും കത്തോലിക്കരെ മാറ്റിനിര്‍ത്തിയ നയങ്ങളെ അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കത്തോലിക്കാ കോണ്‍ഗ്രസ്സ് ശക്ത

മായി എതിര്‍ക്കുകയുണ്ടായി. കത്തോലിക്കാ കോണ്‍ഗ്രസിന്റെ രജതജൂബിലി

അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ഒല്ലൂരില്‍വച്ച് സമുചിതമായി ആചരിച്ച

ത്. പിന്നീട് സുറിയാനി കത്തോലിക്കരുടെ മാത്രമായി മാറിയ കത്തോ

ലിക്കാ കോണ്‍ഗ്രസ്സിന്റെ ചരിത്രത്തിലെ ലത്തീന്‍ കത്തോലിക്കനായ ഏക പ്രസിഡന്റ്

അദ്ദേഹമാണ്.


1932 മെയ് 6, 7 തീയതികളില്‍ കൊല്ലത്തുവച്ച് നടന്ന ആദ്യ അഖില തിരുവി

താംകൂര്‍ ലത്തീന്‍ കത്തോലിക്കാ മഹായോഗത്തില്‍ സജീവമായി പങ്കെടുത്ത് ഇ.

പി. വര്‍ഗ്ഗീസ് അന്ന് തയ്യാറാക്കിയ തിരുവിതാംകൂര്‍ ലത്തീന്‍ ക്രിസ്ത്യന്‍ മഹാ സഭയുടെ നിയമാവലി നിര്‍മാണത്തില്‍ സുപ്രധാനമായ പങ്കുവഹിച്ചു. ഈ മഹാജനസഭയുടെ ആദ്യ വൈസ് പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഡബ്ല്യു.സി. നെറ്റൊ പ്രസിഡന്റായും റാഫേല്‍ ജെ. റോഡ്രിഗ്‌സ് ജനറല്‍ സെക്രട്ട

റിയായും പി.എസ്. വില്യം അസിസ്റ്റന്റ് സെക്രട്ടറിയായും ജെ.ഒ. സനേ ഖജാന്‍ജിയായും തിരഞ്ഞെടുക്കപ്പെട്ടു.


തുടര്‍ന്ന് 1936-ല്‍ തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ മഹാജനസഭയുടെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. ഈ കാലഘട്ടത്ത് അദ്ദേഹം നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളുടെയും ഇടപെടലുകളുടെയും ഫലമായാണ് ലത്തീന്‍ കത്തോലിക്കര്‍ക്ക് ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ പ്രാതിനിധ്യവും പബ്ലിക് സര്‍വീസില്‍ സംവരണവും ലഭിച്ചത്. കേരളത്തിലെ പ്രഥമ സമുദായ സംഘടനയായ അര്‍ത്തുങ്കല്‍ കേന്ദ്രീകരിച്ചുള്ള നസ്രാണി ഭൂഷണ സമാജത്തിന്റെ പ്രധാന പ്രവര്‍ത്തകനായിരുന്ന അദ്ദേഹം 1947 മുതല്‍ 1952 വരെ പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ കാലഘട്ടത്താണ് സമാജത്തിന്റെ സുവര്‍ണജൂബിലി സമുചിതമായി ആഘോഷിച്ചത്.


തദ്ദേശീയ മെത്രാന്മാര്‍ക്ക് വേണ്ടിയുള്ള ലത്തീന്‍ അല്മായുടെ ഭാഗത്തുനിന്നുണ്ടായ വലിയ ശ്രമങ്ങള്‍ക്കും നിവേദനസമര്‍പ്പണങ്ങള്‍ക്കും അദ്ദേഹം വലിയ നേതൃത്വമാണ് നല്‍കിയത്. ആലപ്പുഴ രൂപതാ രൂപീകരണത്തിനായി നസ്രാണി ഭൂഷണ

സമാജം ദീര്‍ഘകാലമായി വലിയ പരിശ്രമങ്ങളാണ് നടത്തിവന്നത്. അഞ്ഞൂ

റ്റിക്കാരന്‍ എന്നറിയപ്പെടുന്ന ഇന്നത്തെ ആലപ്പുഴ രൂപത സമൂഹത്തിന് ഒരു രൂപ

തയും നാട്ടുമെത്രാനും ലഭിക്കുന്നതിനുവേണ്ടിയുള്ള പരിശ്രമങ്ങളില്‍ അദ്ദേഹം

പ്രധാന പങ്കാണ് വഹിച്ചത്.


പാലാ രൂപതയുടെ ആദ്യമെത്രാനായി 1950-ല്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ റോമില്‍ വച്ച് അഭിഷേകം ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് പാലായില്‍ വന്ന ഇന്ത്യയുടെ അന്നത്തെ വത്തിക്കാന്‍ പ്രതിനിധിയെ ഇ.പി. വര്‍ഗീസും നോര്‍ബര്‍ട്ട് ജോര്‍ജ് പുത്തന്‍പുരയ്ക്കലും പാലായിലെ തോമസ് കയ്യാലയ്ക്കകത്തിന്റെ ഭവനത്തില്‍ പോയി കണ്ട് ആലപ്പുഴ രൂപതാ സ്ഥാപനവുമായി ബന്ധപ്പെട്ട നിവേദനം സമര്‍പ്പിച്ചു. 1952-ല്‍ ആലപ്പുഴ രൂപത സ്ഥാപിതമാകാന്‍ ഇത് ഏറെ സഹായകരമായിരുന്നു. രൂപത സ്ഥാപിതമായപ്പോള്‍ തനിക്കുണ്ടായ സന്തോഷത്തെക്കുറിച്ച് അദ്ദേഹം പിന്നീട് ഇപ്രകാരം പറയുകയുണ്ടായി. അത് എന്നില്‍ ഉളവാക്കിയ വികാരങ്ങളെ വിവരിക്കുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. വലിയൊരുചാരിതാര്‍ത്ഥ്യം; വലിയൊരു സന്തോഷം; വലിയൊരു അഭിമാനബോധം; വലിയൊരു പ്രതീക്ഷ എന്നിങ്ങനെ പലതും കുറേ ദിവസങ്ങള്‍ എന്നെ ആഹ്ലാദചിത്തനാക്കി.


1934-ല്‍ ശ്രീ ചിത്തിര സ്റ്റേറ്റ് കൗണ്‍സിലിലേക്കും 1935-ല്‍ തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്കും തിരഞ്ഞെടുക്കപ്പെട്ട ഇ.പി. വര്‍ഗീസ് 1937-ല്‍ അമ്പലപ്പുഴ-ചേര്‍ത്തല നിയോജകനമണ്ഡലത്തിലെ സംവരണ സീറ്റില്‍ നിന്നും ശ്രീമൂലം അസംബ്ലിയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയും 1944-ല്‍ സഭ പിരിച്ചുവിടുന്നതുവരെ അതില്‍ അംഗമായി പ്രവര്‍ത്തിക്കുകയും ചെയ്തു. ഉത്തരവാദ ഭരണപ്രക്ഷോഭത്തിന്റെ സമാപനത്തില്‍ 1947 സെപ്റ്റംബറില്‍ പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന് ഒരു ഭരണഘടന തയ്യാറാക്കാനുള്ള ആരംഭനടപടികള്‍ക്കായി രൂപീകരിച്ച പതിനഞ്ചാം റിഫോംസ് കമ്മിറ്റിയില്‍ തിരുവിതാംകൂര്‍ ലത്തീന്‍ ക്രിസ്ത്യന്‍ മഹാജനസഭ പ്രസിഡന്റായിരുന്ന ഇ.പി. വര്‍ഗീസാണ് ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ പ്രതിനിധിയായി നിയമിതനായത്. തിരു-കൊച്ചി നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 1952-ല്‍ ആലങ്ങാട്ട് നിയോജകമണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ച് വിജയിച്ച അദ്ദേഹം സ്വതന്ത്ര അംഗങ്ങളുടെ ഒരു ചെറിയ സംഘത്തിന് കുറച്ചുനാള്‍ നേതൃത്വം നല്‍കിയിരുന്നു.


വിദ്യാഭ്യാസമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ രൂപം നല്‍കിയ വിദ്യാഭ്യാസ പദ്ധതിക്കെതിരെ കത്തോലിക്കാ സഭ നടത്തിയ സമര പരിപാടികള്‍ക്ക് ശക്തമായ നേതൃത്വം നല്‍കിയത് കേരള കത്തോലിക്കാ കോണ്‍ഗ്രസ്സിന്റെ അന്നത്തെ പ്രസിഡന്റായിരുന്ന ഇ.പി. വര്‍ഗീസായിരുന്നു. ശക്തമായ പ്രക്ഷോഭണങ്ങള്‍

കാരണം വിദ്യാഭ്യാസനയവുമായി മുന്നോട്ടുപോകുവാന്‍ സര്‍ക്കാരിന് സാധിച്ചില്ല. എല്ലാവര്‍ക്കും സ്വീകാര്യമായ ഒരു വിദ്യാഭ്യാസനയമാണ് ഗ്രാന്റ് ഷെവലിയര്‍ എല്‍.എം. പൈലി വിദ്യാഭ്യാസമന്ത്രിയായിരുന്നപ്പോള്‍ കൊണ്ടുവന്നത്. 1957-ല്‍ ഇ.എം.എസ്. മന്ത്രിസഭ കൊണ്ടുവന്ന വിദ്യാഭ്യാസ ബില്ലിനെതിരെ അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിനുനല്‍കിയ മെമ്മോറാണ്ടത്തില്‍ കേരള കത്തോലിക്കരുടെ പ്രതിനിധിയായിരുന്നത് ഇ.പി. വര്‍ഗീസായിരുന്നു.


ക്രിസ്ത്യന്‍ മാരേജ് ആന്‍ഡ് ഡൈവേഴ്‌സ് ബില്ലിനെതിരെ പാര്‍ലമെന്റ് സെലക്ട് കമ്മിറ്റിയിലേക്ക് മുമ്പില്‍ ഹാജരായി തെളിവുകള്‍ നിരത്തി വാദിച്ച് ആ ബില്‍ പിന്‍വലിപ്പിക്കുവാന്‍ അദ്ദേഹം വലിയ പരിശ്രമങ്ങളാണ് നടത്തിയത്. പൊതുസാമൂഹിക പ്രവര്‍ത്തനങ്ങള്‍ കൂടാതെ ഭാഷാ-സാഹിത്യരംഗത്തും വലിയ താല്‍പര്യമുണ്ടായിരുന്ന അദ്ദേഹം ധര്‍മ്മരാജ്യം, വിശ്വധര്‍മ്മം, കാര്‍മ്മല്‍ - എന്നീ പ്രസിദ്ധീകരണങ്ങളുടെ എഡിറ്ററായും പത്രാധിപസമിതിയംഗമായും സേവനം ചെയ്തിട്ടുണ്ട്.


സ്വന്തം ഇടവകയായ മാരാരിക്കുളത്ത് സെന്റ് ജോര്‍ജ് വിസിറ്റേഷന്‍ കോണ്‍വെന്റ് സ്ഥാപിക്കുവാന്‍ ഇ.പി. വര്‍ഗീസ് തന്റെ സഹോദര പുത്രിയായ സിസ്റ്റര്‍ മേരി ലൂസി വഴി തന്റെ കുടുംബവീടും സ്ഥലവും വിട്ടുനല്‍കി എന്നത് മാതൃകപരമാണ്. സഭയ്ക്കും സമുദായത്തിനും പൊതുസമൂഹത്തിനും രാഷ്ട്രത്തിനും അദ്ദേഹം നല്‍കിയിട്ടുള്ള വലിയ സേവനങ്ങള്‍ക്കുള്ള അംഗീകാരമായി പരിശുദ്ധ റോമാ സിംഹാസനത്തില്‍ നിന്നും 12-ാം പീയൂസ് പാപ്പാ 1955-ല്‍ പെനെമെരേന്തി പേപ്പല്‍ ബഹുമതിയും ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ 1982-ല്‍ ഗ്രാന്‍ഡ് ഷെവലിയര്‍ പദവിയും നല്‍കി ആദരിച്ചു. ഒരു അല്മായന് ലഭിക്കാവുന്ന അത്യപൂര്‍വമായ പേപ്പല്‍ ബഹുമതിയായ ഗ്രാന്റ് ഷെവലിയര്‍ പദവി അദ്ദേഹത്തിന് ലഭിച്ചു എന്നത് ഏറെ സ്മരണീയമാണ്. കര്‍മ്മയോഗിയും മാതൃകാ പൊതുപ്രവര്‍ത്തകനും ദീര്‍ഘവീക്ഷണമുള്ള സമുദായ നേതാവുമായിരുന്ന ഇ.പി. വര്‍ഗീസ് 1986 ഫെബ്രുവരി 21-ന് നിര്യാതനായി.


തന്റെ ശക്തമായ സാന്നിധ്യം കൊണ്ട് ഒരു കാലഘട്ടത്തെ കേരള കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ മായാത്ത വ്യക്തമുദ്രപതിപ്പിച്ച അദ്ദേഹത്തിന്റെ 40-ാം ചരമവാര്‍ഷികമാണ് ഈ വര്‍ഷം. തിരുവിതാംകൂര്‍ രാഷ്ട്രീയത്തില്‍ ഒരു കൊടുങ്കാറ്റുപോലെ ആഞ്ഞടിച്ച് അവശസമുദായങ്ങളുടെ ഉന്നതിക്കുവേണ്ടി അഹോരാത്രം പരിശ്രമിച്ച വ്യക്തിയാണ് ഇ.പി. വര്‍ഗീസ് എന്നാണ് കേരളസഭാ രത്‌നങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നത്. ഷെവ. പ്രൊഫ. എബ്രാഹം അറയ്ക്കല്‍ ഇപ്രകാരമാണ് എഴുതിയത്: 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തില്‍ പഴയ തിരുവിതാംകൂര്‍ സംസ്ഥാനത്തിന്റെ രാഷ്ട്രീയ നഭോമണ്ഡലത്തില്‍ ജ്വലിച്ചുനിന്ന ഇ.പി. വര്‍ഗീസ് ലത്തീന്‍ കത്തോലിക്കാ സമുദായത്തിന്റെ അനിഷേധ്യ നേതാക്കളിലൊരാളായിരുന്നു.


പ്രഗല്‍ഭനായ അഭിഭാഷകന്‍, തിരുവിതാംകൂര്‍ ലാറ്റിന്‍ ക്രിസ്ത്യന്‍ മഹാജനസഭയുടെ ആദ്യ വൈസ് പ്രസിഡന്റ്, പിന്നീട് പ്രസിഡന്റ്, നിവര്‍ത്തന പ്രക്ഷോഭണ നേതാവ്, തിരുവിതാംകൂര്‍ റിഫോംസ് കമ്മിറ്റി അംഗം, തിരുവിതാംകൂര്‍, തിരു-കൊച്ചി നിയമസഭകളില്‍ അംഗം,

അര്‍ത്തുങ്കല്‍ നസ്രാണി ഭൂഷണ സമാജം പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം അമ്പതുകളുടെ ആരംഭത്തില്‍ അഖില കേരള കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രസിഡന്റായും സേവനമനുഷ്ഠിക്കുകയുണ്ടായി.

© 2026 CATHOLIC CONNECT POWERED BY ATCONLINE LLP